About Me

My photo
Palakkad, India
കഥകളിയും സംഗീതവും സാഹിത്യവും പിന്നെ കുറച്ച് പാചകവും ഇഷ്ടപ്പെടുന്ന ഒരു തനി നാട്ടിന്പു്റത്തുകാരന്‍...

Thursday, July 14, 2011

ബാഹുകവിലാപം

മകരമാസത്തിലെ ഒരു രാത്രി. സമയം ഏതാണ്ട് പതിനൊന്നു മണിയോടു അടുത്തിരിക്കുന്നു. പപ്പുവാശാനു ഉറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കുറേ നേരമായി കിടക്കുന്നു. എന്നിട്ടും നിദ്രാദേവി തന്നെത്തേടി വരുന്നില്ല. രാത്രിയുടെ നിശ്ശബ്ദതയില്‍ എവിടെനിന്നോ ഒരു കഥകളിപ്പദം കേള്‍ക്കുന്നു. ആശാന്‍ കുറച്ചു നേരം അത് ശ്രദ്ധിച്ചു. “ലോകപാലന്മാരെ ലളിത...” ആശാനു പെട്ടെന്ന് അതു നളചരിതം മൂന്നാം ദിവസത്തിലേതാണെന്നു മനസ്സിലായി. എങ്ങിനെ മറക്കാനാണ്! ഒത്തിരി തവണ ആടിയതല്ലേ. ആശാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു. തീരെ വയ്യ. ഉറക്കം ഒട്ടും വരുന്നില്ല. വീണ്ടും തിരിഞ്ഞു കിടന്ന് ചെവി ഓര്‍ത്തു. അക്കരെയുള്ള അമ്പലത്തില്‍ നിന്നാണു പാട്ടു കേള്‍ക്കുന്നത്. അവിടെ ഇന്ന് കഥകളി ആണ്.  കൊല്ലംതോറുമുള്ള ഉത്സവക്കളി. ഇപ്പോള്‍ പാട്ടു കുറച്ചു കൂടി വ്യക്തമായി കേള്‍ക്കാം. “ശോകകാലം മമ വന്ന നാള്‍ എന്നില്‍..” ദുഷ്ടനാം കലി ആവേശിച്ചു അനുജനോട് ചൂതില്‍ തോറ്റു പ്രാണപ്രിയയാം ദമയന്തിയെ വനത്തില്‍ ഉപേക്ഷിച്ച നളന്‍റെ അവസ്ഥ.


ചിത്രം : നളനും അനുജന്‍ പുഷ്കരനും, ചൂതുകളിക്ക് മുന്‍പ്‌ കഥ : നളചരിതം രണ്ടാം ദിവസം
“തരുണിയെ വിട്ടു കാട്ടില്‍...” നളചരിതം മൂന്നാം ദിവസത്തിലെ വെളുത്തനളന്‍റെ ഭാഗം. ഒരു നിമിഷം ആശാന്‍ തന്‍റെ അവസ്ഥയും ഒന്ന് ആലോചിച്ചു. ഇന്ന് തന്‍റെ അവസ്ഥയും ഇതുതന്നെ അല്ലെ? കലി തന്നിലും പ്രവേശിച്ചിരിക്കുന്നു. ചൂതില്‍ തോറ്റിട്ടല്ലെങ്കിലും താനും ഇപ്പോള്‍ ഭൈമീപരിത്യാഗിയെപ്പോലെ... എന്നു മുതലാണ്‌ ദൈവംപോലും തന്നെ കൈവെടിഞ്ഞത്? ഓര്‍മ്മകള്‍ ശിഥിലമായിത്തുടങ്ങിയിരിക്കുന്നു. എങ്കിലും ആശാന്‍ ചിന്തകളിലേക്ക് പോയി. മറക്കാനാകാത്ത തന്‍റെ ജീവിതയാത്രയിലേക്ക്.

നിളാതീരത്തെ തികച്ചും ഒരു നിര്ധനകുടുംബത്തിലായിരുന്നു പദ്മനാഭന്‍ എന്ന പപ്പുവാശാന്‍ ജനിച്ചത്‌. അച്ഛന്‍ ഒരു കഥകളി ചുട്ടിക്കാരന്‍. വീട്ടുവേലയ്ക്കു പോകുന്ന അമ്മയും പിന്നെ ഒരു അനുജത്തിയും. അതായിരുന്നു തന്‍റെ കുടുംബം. രോഗിയായ അച്ഛന്‍. അതാണ്‌ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മ. അച്ഛന്‍ ഒരു ചുട്ടിക്കാരനായിരുന്നതിനാല്‍ തനിക്കു ജന്മനാ കിട്ടിയ ദാരിദ്രം. എങ്ങിനെയെങ്കിലും പഠിച്ചു നല്ലൊരു ഉദ്യോഗക്കാരനാകാനായിരുന്നു മോഹം. പക്ഷെ വിധി തന്നെ തോല്‍പ്പിച്ചു കളഞ്ഞു. സ്കൂള്‍ വിദ്യാഭ്യാസം അന്യമായി ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാതിരുന്ന കാലം. ഒടുക്കം അന്നത്തിനും വീട്ടുചിലവിനുവേണ്ട പണം സമ്പാദിക്കാനും വേണ്ടി അച്ഛന്‍റെ സുഹൃത്തായ വാസുവാശാന്‍റെ കൂടെക്കൂടി കുറച്ചു കഥകളി പഠിച്ചു. ഒപ്പമുള്ള കൂട്ടുകാരെല്ലാം സ്കൂളില്‍ പോകുമ്പോള്‍ താന്‍ മാത്രം കഥകളി പഠനവുമായി ഒതുങ്ങിക്കൂടി. രാവിലെ നാലുമണിക്ക് എഴുന്നേറ്റ്‌ കണ്ണുസാധകം. പിന്നെ ചൊല്ലിയാട്ടം. ഒരുതരത്തില്‍ കഥകളിയെ വെറുത്തിരുന്ന കാലം. പക്ഷെ വിശപ്പറിയാതെ ഭക്ഷണം കിട്ടുമ്പോള്‍, തമ്പുരാന്‍റെ കയ്യില്‍നിന്നും മാസപ്പടി വാങ്ങിക്കുമ്പോള്‍, അച്ഛനുള്ള കഷായത്തിനും തൈലത്തിനുമുള്ള പണം കിട്ടുമ്പോള്‍ താന്‍ അറിയാതെ കഥകളിയെ സ്നേഹിച്ചു തുടങ്ങുകയായിരുന്നു. അങ്ങിനെ വാസുവാശാന്‍റെ ശിഷ്യനായി ഒരുവിധം എല്ലാത്തരം വേഷങ്ങളും പഠിച്ചു. പിന്നെ എപ്പോഴാണ് താന്‍ കഥകളിയില്‍ മുഴുകിയത്?

ഘോരവിപിനം..” പാട്ടുകേട്ട് ആശാന്‍ ബാല്യകാലത്തെ കൈയ്ക്കുന്ന ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നു. തീരെവയ്യെങ്കിലും ആശാനു കിടക്കാന്‍ കഴിഞ്ഞില്ല. പതുക്കെ എഴുന്നേറ്റ് തന്‍റെ ഊന്നുവടിയെടുത്തു നടന്നു. ചുറ്റും നിലാവ് പരന്നിരിക്കുന്നു. പൌര്‍ണമി ആണെന്നു തോന്നുന്നു. മകരമാസമായതിനാല്‍ നല്ല തണുപ്പും ഉണ്ട്. മുന്നില്‍ നിളാനദി. നിലാവില്‍ നിളയെക്കാണാന്‍ എന്തൊരു ഭംഗിയാണ്! ആശാന്‍ പടികടന്നു പുഴയിലെക്കിറങ്ങി. വെള്ളം തീരെയില്ല. മണലില്‍ കൂടി കുറച്ചു മുന്നോട്ടു നടന്നു. മണലിനു തണുപ്പ് ഉണ്ടെങ്കിലും തന്‍റെ കാലടികള്‍ ചുട്ടു നീറുന്നപോലെ ആശാനു തോന്നി. ഒടുക്കം സഹിക്കവയ്യാതെ ആ മണലില്‍ ഇരുന്നു. നിള, തന്‍റെ എല്ലാ സുഖദുഃഖങ്ങളിലും ബാല്യം മുതല്‍ പങ്കുചേര്‍ന്നവള്‍. പണ്ട് വര്‍ഷക്കാലം മുഴുവനും ഇരുകരകളും മുട്ടി ഒഴുകിയിരുന്നവള്‍. ഇന്നോ..? മണല്‍ വാരി വികൃതയായിരിക്കുന്നു. തന്നെപ്പോലെ, ഏകയായ് ഒരു കണ്ണീര്‍ച്ചാലായിത്തീര്‍ന്നിരിക്കുന്നു. ആശാന്‍ തന്‍റെ കൈവശം ഉണ്ടായിരുന്ന മദ്യക്കുപ്പിയില്‍നിന്നും കുറച്ചു അകത്തേക്കിറക്കി. ഉറക്കം വരാത്ത ഏകാന്ത രാത്രികളില്‍ ഇതുതന്നെ അവസ്ഥ. ഇപ്പോള്‍ പാട്ടുകേള്‍ക്കുന്നില്ല. കൊട്ടുമാത്രം. നളന്‍റെ വനവര്‍ണ്ണയാകും. ആനയും പുലിയും മാനുകളും ഉള്‍പ്പെട്ട കൊടുംവനം. കലി ബാധിച്ച നളന്‍റെ മനോധര്‍മ്മം. കാണുന്നതെല്ലാം കലിയുടെ വിവിധതരം ചേഷ്ടകള്‍. എങ്കിലും തന്‍റെ ദമയന്തിയെക്കുറിച്ചോര്‍ത്ത നളന്‍റെ മനസ്സ് പിടഞ്ഞു. “ഈ ഘോരവനത്തിലാണല്ലോ താന്‍ പ്രിയതമയെ ഉറക്കിക്കിടത്തി പോന്നത്”. അടുത്തനിമിഷം കലികയറിയ നളന്‍റെ അവസ്ഥ. കലിയുടെ ക്രോധവും നളന്‍റെ ശോകാവസ്ഥയും മുഖത്ത് മാറിമാറി വരേണ്ട സന്ദര്‍ഭം. ഒരുതരം ദ്വന്തഭാവം. വളരെ ബുദ്ധിമുട്ടി അഭിനയിക്കേണ്ട ഭാഗം. ആശാന്‍ വീണ്ടും തന്‍റെ ഓര്‍മ്മകളില്‍ മുഴുകി. കഥകളിയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോഴേക്കും രോഗിയായിരുന്ന അച്ഛന്‍ മരിച്ചു. അമ്മക്ക് പണിക്കുപോകാനും വയ്യാതായി. കുടുംബം മുഴുവനും തന്‍റെ ചുമലില്‍. പണ്ട് ഉത്സവകാലമായാല്‍ ധാരാളം കഥകളികള്‍ ഉണ്ടാകുമായിരുന്നു. കിട്ടുന്ന വേഷമെല്ലാം അഭിനയിച്ചു. എന്നാലും പണം തികയുമായിരുന്നില്ല. അച്ഛന്‍റെ ചികിത്സക്കായി വാങ്ങിച്ച കടങ്ങള്‍ കണ്‍മുന്നില്‍ നൃത്തമാടിക്കളിച്ചു. ഉത്സവകാലം കഴിഞ്ഞാലുള്ള നീണ്ട ഇടവേളകളില്‍ ഹോട്ടല്‍ പണി. അങ്ങിനെ എത്രയെത്ര നാളുകള്‍! സങ്കടങ്ങള്‍ പറയാന്‍ നിളേ, എന്നും നീ മാത്രം. കഥകളിയിലാണെങ്കില്‍ ചെറുകിട വേഷങ്ങള്‍ മാത്രം. കഥ അറിയാഞ്ഞിട്ടോ അതോ മനോധര്‍മ്മം ആടാനുള്ള കഴിവില്ലാഞ്ഞോ..? പിന്നെ എപ്പോഴാണ് താന്‍ പ്രശസ്തനായത്...??

ചിത്രം : ബാഹുകന്‍, കഥ :  നളചരിതം മൂന്നാം ദിവസം

ഒരു പദം കേട്ട് ആശാന്‍ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നു. “ഇന്ദുമൌലി ഹാരമേ നീ, ഒന്നെനി എന്നോട് ചൊല്‍ക, എന്നെനിക്കുണ്ടാകും യോഗം....” നളചരിതം കഥ കുറേ മുന്നോട്ടുപോയിരിക്കുന്നു. നളനു പകരം ബാഹുകന്‍ അരങ്ങത്തേക്ക് എത്തിയിരിക്കുന്നു. കുട്ടനായിരിക്കും ബാഹുകന്‍. ഇപ്പോള്‍ എല്ലാവര്‍ക്കും അയാളുടെ വേഷം മതി. നല്ല വേഷം തന്നെ. അയാള്‍ക്ക്‌ നന്നായി കളിക്കാനും അറിയാം. കാര്‍ക്കോടകന്‍ ദംശിച്ച നളനില്‍ നിന്നും ദുഷ്ടനാം കലി വിട്ടൊഴിഞ്ഞിരിക്കുന്നു. ഇനി ആ പഴയ കാലം എന്നുണ്ടാകും എന്ന് നളന്‍ കാര്‍ക്കോടകനോടു ചോദിക്കുന്ന രംഗം. ബാഹുകന്‍, തന്‍റെ പ്രിയപ്പെട്ട വേഷങ്ങളില്‍ ഒന്ന്. പദം കഴിഞ്ഞാല്‍ വീണ്ടും വനവര്‍ണ്ണന. കാര്‍ക്കോടകന്‍റെ നിര്‍ദ്ദേശപ്രകാരം ബാഹുകന്‍റെ വനത്തിലൂടെ ഋതുപര്‍ണ്ണ രാജധാനിയിലേക്കുള്ള യാത്ര. പക്ഷെ ആദ്യ വനവര്‍ണ്ണനയില്‍ നിന്നും വ്യത്യാസം ഒന്ന് മാത്രം. നളനില്‍ നിന്നും കലി വിട്ടോഴിഞ്ഞിരിക്കുന്നു. ഇതുതന്നെയാണ് താന്‍ മനസ്സറിഞ്ഞ് ആടിയിരുന്നത്. ആശാന്‍ പലതവണ ആടിയ ആ മനോധര്‍മ്മം ആലോചിച്ചു. വനത്തിലൂടെ നടക്കുന്ന ബാഹുകന്‍ ദൂരെ നദിക്കരയില്‍ ഒരു മാന്‍പേടയേയും അതിന്‍റെ രണ്ടു കുട്ടികളെയും കാണുന്നു. ഒരുവശത്ത്‌ മാന്‍പേടയെ പിടിക്കാന്‍ വായ പൊളിച്ചുനില്‍ക്കുന്നൊരു സിംഹം. അങ്ങുദൂരെ ആ മാന്‍പേടയെത്തന്നെ ഉന്നംനോക്കി നില്‍ക്കുന്നൊരു കാട്ടാളന്‍. മറുവശത്തേക്കു നോക്കുന്ന ബാഹുകന്‍ ഞെട്ടിപ്പോകുന്നു. അവിടെ അതാ കാട്ടുതീ. ഇതൊന്നുമറിയാതെ മാന്‍പേട തന്‍റെ മക്കളെ താലോലിക്കുന്നു. ഇതെന്തൊരു വിധി! ഒരുവശത്തു വിശന്നുവലഞ്ഞ സിംഹം, മറുവശത്ത് അമ്പെടുത്തു ഉന്നംപിടിച്ചു നില്‍ക്കുന്ന കാട്ടാളന്‍. പിന്നെ ഒരുവശത്ത് ഭയങ്കരമായ കാട്ടുതീ. മുന്നില്‍ നദിയായതിനാല്‍ ഓടി രക്ഷപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥ. എങ്ങോട്ടു പോകും അവ? പരമകാരുണികനായ ദൈവത്തിനു മാത്രമേ ഇനി ആ മാന്‍പേടയെ രക്ഷിക്കാനാകൂ. ഈശ്വരാ... അതുതന്നെയല്ലേ ദമയന്തിയുടെയും അവസ്ഥ. കലി കയറി അനുജനോട് ചൂതില്‍ തോറ്റു രാജ്യം ഉപേക്ഷിച്ച് പ്രാണനായികയെ ഭീകരമായ വനത്തില്‍ തനിച്ചാക്കിയ നീചന്‍. അവള്‍ ഉറങ്ങുമ്പോള്‍ ഉടുവസ്ത്രം കീറിയെടുത്തു കാട്ടില്‍ മറഞ്ഞ കൊടുംപാപി. എവിടെയായിരിക്കും തന്‍റെ പ്രിയതമ? എവിടെയായിരിക്കും തന്‍റെ മക്കള്‍...? ഞെട്ടിയുണര്‍ന്ന ബാഹുകന്‍ നോക്കുമ്പോള്‍ ശക്തിയായി കാറ്റടിക്കുന്നു. കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. പെട്ടെന്ന്‍ ഒരിടിമിന്നലില്‍ ആ കാട്ടാളന്‍ മറിഞ്ഞുവീണു. അവന്‍റെ ചാപത്തില്‍ നിന്നും തൊടുത്ത അസ്ത്രം ലക്‌ഷ്യം തെറ്റി ആ സിംഹത്തിന്‍റെ വായില്‍ തറച്ചു. സിംഹം പ്രാണവേദനമൂലം കാടിനകത്തേക്കു ഓടിപ്പോയി. കാറ്റടിച്ചു കാട്ടുതീ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു വരുന്നു. പക്ഷെ സര്‍വ്വേശ്വര ദയയാല്‍ ഉടനെപെയ്ത അതിഭയങ്കരമായ മഴയില്‍ ആ കാട്ടുതീ അലിഞ്ഞില്ലാതെയായി. മാന്‍പേടയാകട്ടെ യാതൊന്നും അറിയാതെ അതിന്‍റെ മക്കള്‍ക്ക് ആഹാരം കൊടുക്കുന്നു. ദൈവം എത്ര നല്ലവന്‍. സന്തോഷാശ്രുക്കളോടെ ബാഹുകന്‍ ദൈവത്തിനോടു നന്ദിപറഞ്ഞു. തന്‍റെ പ്രിയതമയേയും ദൈവം കാത്തുകൊള്ളും. എത്ര തവണ ആടിയതാണ് ഈ ഭാഗം. എത്ര ആടിയാലും മതിവരാത്ത ഭാഗങ്ങള്‍. ആശാന്‍ ആ ഓര്‍മ്മയില്‍ നിന്നും മുക്തനായി.
മനോധര്‍മ്മങ്ങളെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ കഴിയാതിരുന്ന താന്‍ പിന്നെ എപ്പോഴാണ് ആട്ടവിളക്കിനു മുന്‍പില്‍ സജീവസാന്നിധ്യമായിത്തുടങ്ങിയത്.? ആശാന്‍ വീണ്ടും തന്‍റെ ഓര്‍മ്മകളിലേക്ക് ആഴ്ന്നിറങ്ങി. ഏതൊരു പുരുഷന്‍റെ വിജയത്തിനു പുറകിലും ഒരു സ്ത്രീ ഉണ്ടാകുമെന്നു പറയുന്നത് ശരിയാണ്. അങ്ങിനെ തനിക്കും ഒരു സ്ത്രീയുടെ പിന്‍ബലം ഉണ്ടായിരുന്നു. സാവി എന്നുവിളിക്കുന്ന തന്‍റെ ഭാര്യ സാവിത്രി. അമ്മക്ക് വയ്യാതായ കാലം. തനിക്കാണെങ്കില്‍ വിവാഹപ്രായവും ആയി. അങ്ങിനെ അക്കരെഗ്രാമത്തിലെ സാവി തന്‍റെ ജീവിതസഖിയായി. സുന്ദരിയായ അവള്‍ തനിക്ക് ദമയന്തിയായി, രുക്മിണിയായി...
ചിത്രം : നളദമയന്തിമാര്‍
വിവാഹം കഴിഞ്ഞ് ഈ കടവിലൂടെയാണ് തന്‍റെ വീട്ടിലേക്ക്‌ അവള്‍ വലതുകാല്‍ വെച്ച് കയറിയത്. അതിനും നിളേ... നീ തന്നെ സാക്ഷി. വെറുമൊരു ഭാര്യയായി ഒതുങ്ങിക്കൂടിയിരുന്നില്ല അവള്‍. കഥകളിയിലും അവള്‍ തത്പരയായിരുന്നു. തന്‍റെ എല്ലാ വേഷങ്ങളും കാണാന്‍ ആഗ്രഹിച്ചവള്‍ക്ക്, പക്ഷെ അമ്മയെ സഹായിക്കാന്‍ എല്ലാം ഉപേക്ഷിക്കേണ്ടിവന്നു. എന്നിരുന്നാലും പുലര്‍ച്ചെ കളികഴിഞ്ഞു വീട്ടിലെത്തിയാല്‍ ആദ്യം തന്‍റെ വേഷത്തെക്കുറിച്ചായിരുന്നു ചോദിച്ചിരുന്നത്. ആദ്യമൊക്കെ മനോധര്‍മ്മങ്ങള്‍ എങ്ങിനെ കളിച്ചു എന്ന അവളുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ താന്‍ പകച്ചു നിന്നിരുന്നു. വായനാശീലമില്ലാതെ കഥകളിക്കുവേണ്ടിമാത്രം കഥപഠിച്ച് ഒരു യന്ത്രത്തെപ്പോലെ വേഷങ്ങള്‍ അരങ്ങത്ത് അവതരിപ്പിച്ചിരുന്ന തനിക്ക് അവള്‍ കഥകളും കഥക്കുള്ളിലെ ഉപകഥകളും വിവരിച്ചുതന്നു. കഥാസന്ദര്‍ഭങ്ങള്‍ക്കു അനുയോജ്യമായ മനോധര്‍മ്മങ്ങള്‍ പറഞ്ഞുതന്നു. ഒന്നാം ദിവസത്തിലെ നളന്‍ ഹംസത്തെ പറഞ്ഞയക്കുന്ന രംഗം. ഹംസം പറന്നു പറന്നു പോകുന്നതു നോക്കിനില്‍ക്കുന്ന നളന്‍. ഏറെനേരം അതിനെ നോക്കി നോക്കി അവസാനം ഒരു ചെറിയ പോട്ടുപോലെയായി ആയി വിണ്ണില്‍ മറയുന്നത്. രണ്ടാം ദിവസത്തില്‍ ചൂതില്‍ തോറ്റു ദമയന്തിയോടുകൂടി വനത്തിലേക്ക് യാത്രയാകുന്ന ഭാഗത്ത്‌ നളന്‍ തനിക്ക് ഈ അവസ്ഥ കല്പ്പിച്ചുതന്ന തന്‍റെ അനുജന്‍ പുഷ്ക്കരനെ അനുഗ്രഹിക്കുന്നു, ഒരു പുച്ഛഭാവത്തില്‍ ഇടത്തേകയ്യുകൊണ്ട്. സദസ്യര്‍ കൈയ്യടികളോടെ അതൊക്കെ സ്വീകരിച്ചു. പതുക്കെ നളചരിതത്തിലെ നളന്‍, ബാഹുകന്‍, രുഗ്മാഗദചരിതത്തിലെ രുഗ്മാഗദന്‍, സന്താനഗോപാലത്തിലെ കാലകേയവധത്തിലെ സുഭദ്രാഹരണത്തിലെ അര്‍ജുനന്‍, കര്‍ണ്ണശപഥത്തിലെ കര്‍ണന്‍ എന്നിങ്ങനെ പച്ച വേഷങ്ങളില്‍ ശ്രദ്ധിച്ചു തുടങ്ങി. എല്ലാം നായകവേഷങ്ങള്‍. നവരസങ്ങള്‍ മുഖത്തു മിന്നിമറഞ്ഞു. തന്‍റെ ജീവിതത്തിലെ വിളക്ക് തെളിഞ്ഞു കത്തി. ധാരാളം കളികള്‍. സാമ്പത്തികമായി കുടുംബം മെച്ചപ്പെട്ടു. അനിയത്തിയെ ഒരുവിധം നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ചയച്ചു. ഇതൊന്നും അധികകാലം അറിയാന്‍ പക്ഷേ അമ്മ ഉണ്ടായില്ല. ഒരുനാള്‍ രോഗാധിക്ക്യത്താല്‍ അമ്മയും ഇഹലോകവാസം വെടിഞ്ഞു. പിന്നെ സാവിയും താനും മാത്രം. കഥകളിയില്‍ എത്രയെത്ര വേഷങ്ങള്‍!  നളനായും ബാഹുകനായും അര്‍ജ്ജുനനായും കര്‍ണ്ണനായും എത്രയെത്ര അരങ്ങുകള്‍! ഒരു ദുഃഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ദൈവം ഒരു കുഞ്ഞിനെ തന്നില്ല. പക്ഷെ തനിക്ക്‌ ഭാര്യയായി, സുഹൃത്തായി സാവി ഉണ്ടായിരുന്നത് വളരെ ആശ്വാസമായിരുന്നു. അമ്മ മരിച്ചതില്‍ പിന്നെ അടുത്തുള്ള എല്ലാ കഥകളിക്കും താന്‍ സാവിയേയും കൊണ്ട് പോയിരുന്നു. എങ്കിലും പിന്നീടുള്ള കാലം തന്‍റെ സുവര്‍ണ്ണകാലമായിരുന്നു.
“വസവസ സൂതാ മമ നിലയെ സുഖം, ബാഹുക സാധുമതേ...” ആശാന്‍ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നു. ഋതുപര്‍ണപദം. ബാഹുകന്‍ ഋതുപര്‍ണരാജസദസ്സില്‍ എത്തിയിരിക്കുന്നു. കാര്‍ക്കോടകാഭിപ്രായപ്രകാരം അഭയം ചോദിച്ചുചെന്ന ബാഹുകനെ ഋതുപര്‍ണരാജാവ് തന്‍റെ തേരാളിയാക്കി. ആശാന്‍ വളരെ ഹൃദ്യമായ ആ പദങ്ങള്‍ ശ്രദ്ധിച്ചു. “എന്നെ രക്ഷിക്ക എന്നു ചൊന്നാല്‍ ഉപേക്ഷിക്കുന്ന, തെന്നുടെ കുലത്തിലുണ്ടോ ബാഹുകാ...” എങ്ങിനെയാണ് ഈ പദങ്ങളൊക്കെ മറക്കുക? ബാഹുകനായി അരങ്ങത്തു നില്‍ക്കുമ്പോഴും ഈ പദം വളരെയേറെ ശ്രദ്ധിക്കാറുണ്ട്‌. ആശാന്‍ തന്‍റെ കയ്യിലുള്ള മദ്യക്കുപ്പിയില്‍ നിന്നും കുറച്ചുകൂടി കഴിച്ചു. എന്നാണു താന്‍ മദ്യം കഴിക്കാന്‍ തുടങ്ങിയത്? എന്നുമുതലാണ് മദ്യം തന്‍റെ സഹചാരിയായത്? ആശാന്‍ വീണ്ടും ഓര്‍മകളിലേക്ക് ചേക്കേറി. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞുപോയി. തനിക്കു സാവിയും സാവിക്കു താനും. ജീവിതം സുഖദുഃഖങ്ങളാല്‍ നിറഞ്ഞതാണല്ലോ. ഒരുനാള്‍ ആ സന്തോഷഭരിതജീവിതത്തിനു വിരാമമായി. അന്നൊരു മഴക്കാലത്ത്‌ കലി ബാധിച്ച നിള തന്‍റെ സാവിയേയും..... ഭൂമി കീഴ്മേല്‍ മറിയുന്നപോലെ തോന്നി. വിധി വളരെ ക്രൂരമായി തന്‍റെ മുന്നില്‍ അഷ്ടകലാശം ചവിട്ടി. സാവിയില്ലാത്തൊരു ജീവിതം! തന്‍റെ ജീവിതയാത്രയിലെ ആട്ടവിളക്ക് അന്നണഞ്ഞു. എങ്ങിനെ സഹിക്കും ഈ വിയോഗം.... തനിക്കതു താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. സാവി തന്നെ വിട്ടുപോയകാലം. ജീവിതത്തിനു ഒരു അര്‍ത്ഥവും ഇല്ലെന്നു തനിക്ക് തോന്നി. പച്ചവേഷങ്ങള്‍ക്ക് പൂര്‍ണ്ണതയേകാന്‍ തനിക്കാവുന്നില്ല എന്നൊരു തോന്നല്‍. നളനില്‍ അവശ്യം വേണ്ട ശൃംഗാരഭാവം തന്നില്‍നിന്നും ചോര്‍ന്നുപോയപോലെ. ബാഹുകന്‍റെ വിരഹതീവ്രത അഭിനയിച്ചിരുന്ന താന്‍ സ്വന്തം ജീവിതത്തിലെ വിരഹത്തിന്‍റെ തീവ്രത അറിഞ്ഞനാളുകള്‍. ഒടുക്കം എല്ലാം മറക്കാന്‍ പതുക്കെ മദ്യലഹരിയില്‍ ആശ്വാസം കണ്ടെത്തി. പിന്നെ പിന്നെ അത് തന്നെ കീഴടക്കാന്‍ തുടങ്ങി. എല്ലാം മറക്കാന്‍വേണ്ടി മുഖത്തു നവരസങ്ങള്‍ വരുത്താന്‍വേണ്ടി കഴിച്ചു തുടങ്ങിയത് തന്നെ ഒരു പടുകുഴിയിലേക്കാണ് തള്ളിവിട്ടത്. എത്രയെത്ര അരങ്ങത്തു നിന്നും താന്‍ കഥയില്‍നിന്നും വ്യതിചലിച്ചു. എത്രയെത്ര അരങ്ങുകളില്‍ ജനം തന്നെ കൂവി പരിഹസിച്ചു? അവസാനം ആര്‍ക്കും തന്‍റെ വേഷത്തോടു താത്പര്യമില്ലാതായി. കളിയില്ലാതെ എത്രകാലം ഒരു കലാകാരന് ജീവിക്കാന്‍ കഴിയും.? ഒടുക്കം വീണ്ടും വേഷം കെട്ടിത്തുടങ്ങി. പക്ഷെ പച്ചവേഷമല്ല. താടിവേഷം. നളനായും ബാഹുകനായും അര്‍ജ്ജുനനായും കര്‍ണ്ണനായും അരങ്ങത്തു നവരസങ്ങള്‍ മിന്നിമറയിച്ചിരുന്ന താന്‍ ക്രോധഭാവം മുറ്റിനില്‍ക്കുന്ന നീചനായ ദുശ്ശാസനനായി, ജരാസന്ധനായി, കലിയായി അരങ്ങത്തു വന്നു. അങ്ങിനെ നിശ്ശബ്ദനായ പച്ചവേഷക്കാരന്‍ അരങ്ങത്തു ക്രോധപൂര്‍വ്വം അലറി. ജീവിതത്തോടുള്ള, ദൈവത്തോടുള്ള തന്‍റെ പ്രതികാരം അലറിത്തീര്‍ത്തു. നളചരിതം രണ്ടാം ദിവസത്തിലെ ഒരു പദം പോലെ. “ഒരുനാളും നിരൂപിതം ..., കരുണാകടാക്ഷം എന്നില്‍ പുരവൈരി സംഹരിച്ചോ.? സുരനായകവരത്തിന്‍ പരിണാമം ഈ വിധമോ?” നളരാജന് കിട്ടിയതുപോലെ തനിക്ക് വരമൊന്നും കിട്ടിയിട്ടില്ല. എന്നിട്ടും തനിക്ക്..?? സ്വപ്നങ്ങളിലെല്ലാം ഒരു രൌദ്രഭീമന്‍ തന്‍റെ കുടല്‍മാല എടുക്കുന്നതുപോലെ. ഒടുക്കം കാലിനു വയ്യാതായി ആര്‍ക്കും വേണ്ടാതെ... ഇത് കാലദോഷമോ അതോ കര്‍മ്മദോഷമോ.?
ചിത്രം :  കലിയും ദ്വാപരനും – നളചരിതം രണ്ടാം ദിവസം
സാവീ...” ഒരു ഞെട്ടലില്‍ നിന്നെന്നപോലെ ആശാന്‍ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നു. രാത്രിയുടെ നിശ്ശബ്ദതയില്‍ ദൂരെ നിന്നും “വിജനേ ബത മഹതെ, വിപിനേ നീ ഉണര്‍ന്നോ, ഇന്ദുവദനേ...” എന്ന പദം കേള്‍ക്കുന്നു. ദമയന്തി എവിടെയാനെന്നറിയാതെ ബാഹുകന്‍ ഋതുപര്‍ണരാജന്‍റെ സൂതാലയത്തില്‍ നിന്നും വിലപിക്കുന്നു. ഇതും തന്‍റെ ഇഷ്ടപദങ്ങളില്‍ ഒന്ന്. പദത്തിന്‍റെ അവസാനം മറ്റൊരു ഋതുപര്‍ണസൂതനായ ജീവലന്‍ ബാഹുകനോട് വിലപിക്കുന്നതിന്‍റെ കാര്യം ആരായുന്നു. താന്‍ നളരാജാവാണെന്ന കാര്യം മറച്ചുവെച്ച് ജീവലനോട് പറയുന്നു. “ആരെന്നറിയേണ്ട കേവൊരു മാനവന്‍, ആരാരോടും പറഞ്ഞുതന്‍ വ്യസനം..” എത്ര മനോഹരമായ വരികള്‍! അകമേ രാജാവായ നളനായും പുറമേ ഋതുപര്‍ണസൂതനായ ബാഹുകനായും അരങ്ങത്തു ആടെണ്ട ഭാഗം. മദ്യം തലക്കുപിടിച്ച ആശാന്‍ അബോധാവസ്ഥയില്‍ കൈമുദ്രകളിലൂടെ ആ രംഗം വിവരിച്ചുതുടങ്ങി. ഒരുനിമിഷം ആശാന്‍ സ്വബോധത്തിലേക്കു തിരിച്ചെത്തി. നളചരിതം നാലാം ദിവസത്തില്‍ ബാഹുകന് വനത്തില്‍ ഉപേക്ഷിച്ച തന്‍റെ പ്രിയതമയെ തിരിച്ചു കിട്ടുന്നു. പക്ഷേ തനിക്കോ.. തന്‍റെ സാവി തിരിച്ചു വരുമോ...? ഈശ്വരാ..! കാലം എത്രയായി സാവി തന്നെ വിട്ടുപോയിട്ട്. ഇല്ല.. തനിക്കതു മറക്കാന്‍ കഴിയുന്നില്ല. കയ്യില്‍ ബാക്കിയുണ്ടായിരുന്ന മദ്യം കൂടി ആശാന്‍ കഴിച്ചു. ചെറുപ്പകാലം മുതല്‍ എന്നും സഹചാരിണിയായ നിളയോടു ആശാന്‍ തന്‍റെ സങ്കടങ്ങള്‍ വിവരിച്ചുതുടങ്ങി. “എന്‍റെ നിളേ.. നീയെന്തിനു എന്‍റെ സാവിയെ കൊണ്ടുപോയി? ബാല്യകാലം മുതല്‍ നീ എന്‍റെ പ്രിയകൂട്ടുകാരിയാണല്ലോ. എന്നിട്ടും നീ എന്തിനതു ചെയ്തു.? നിന്നോട് ഞാന്‍ എന്ത് ദ്രോഹമാണ് ചെയ്തിട്ടുള്ളത്? നിന്നോടുള്ള സ്നേഹം കുറയുന്നതായി നിനക്കു തോന്നിയോ..? അതോ അന്നു നിന്നിലും ക്രൂരനാം കലി ആവേശിച്ചിരുന്നോ?” പതുക്കെ പതുക്കെ ആശാന് തന്‍റെ കണ്ണുകളില്‍ ഇരുട്ടു കയറുന്നപോലെ തോന്നി. “അവിടെ ആരാ പുഴയ്ക്ക് നടുക്ക് നില്‍ക്കുന്നത്? ഒരു സ്ത്രീരൂപം ആണല്ലോ. തന്‍റെ സാവിയാണോ.? അതെ, അതു സാവി തന്നെ.” ഒറ്റ നോട്ടത്തില്‍ തന്നെ ആശാന് സാവിയെ തിരിച്ചറിഞ്ഞു. നിളേ, നീയെന്‍റെ സാവിയെ തിരിച്ചുതരുകയാണോ? നളന്, ബാഹുകന് ദമയന്തിയെ തിരിച്ചുകിട്ടിയപോലെ തനിക്കു തന്‍റെ സാവിയേയും.. ആശാന്‍ സന്തോഷം കൊണ്ടു മതിമറന്നു.  അല്ല, അവള്‍ പോവുകയാണല്ലോ. സാവീ.. എന്‍റെ സാവീ... ആശാന്‍ എഴുന്നേറ്റു ഓടാന്‍ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല. തന്‍റെ സാവി.. അവള്‍ പോവ്വുകയാണല്ലോ.. ഈശ്വരാ.. തനിക്കു എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലല്ലോ.. തനിക്കു കൈകാലുകള്‍ അനക്കാന്‍ കഴിയുന്നില്ല... ശബ്ദം തൊണ്ടയില്‍ കുരുങ്ങുന്നു... കാഴ്ച മങ്ങുന്നു.. താന്‍ രൌദ്രഭീമന്‍റെ മടിയില്‍ കിടക്കുന്ന ദുശ്ശാസനനാണെന്ന് ആശാനു തോന്നി. ക്രുദ്ധനായ രൌദ്രഭീമന്‍ തന്‍റെ കുടല്‍മാല എടുക്കുകയാണോ...

         ചിത്രം : ദുശ്ശാസനന്‍
ചിത്രം : രൌദ്രഭീമന്‍,  കഥ :ദുര്യോധനവധം 
“ആശാനേ.. പപ്പുവാശാനേ.. എഴുന്നേല്‍ക്കൂ... നേരം ഒരുപാടായി..” കഥകളി കണ്ടുവരുന്ന നാട്ടുകാര്‍ മണലില്‍ കിടന്നു പുളയുന്ന ആശാനെ കണ്ടു. അവരെല്ലാംകൂടി ആശാനെ വീട്ടില്‍ കൊണ്ടുചെന്നാക്കി. പക്ഷെ ആശാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. “സാവീ.. എന്നെ തനിച്ചാക്കി പൂവ്വല്ലേ സാവീ...” അപ്പോഴും ആശാന്‍ സാവിയെ വിളിച്ചു കരഞ്ഞുകൊണ്ടിരുന്നു. രാത്രിയുടെ കനത്ത നിശ്ശബ്ദതയില്‍ അക്കരെക്ഷേത്രത്തില്‍ നിന്നും നളചരിതം മൂന്നാം ദിവസത്തിന്‍റെ അവസാനപദം ആ നിളാതീരത്ത് ഒഴുകി ഒഴുകി എത്തി.
“മറിമാന്‍കണ്ണി മൌലിയുടെ,
 മറിവാ ആര്‍ക്കിതറിയാം
ഒരുമയായി രമിച്ചിരുന്ന
മയാ അപരാധം..."

Saturday, March 26, 2011

കലി

നീ കലി,  ഈ യുഗനായകന്‍.
കാമക്രോധലോഭമോഹമായ് വന്ന്
ഈ ലോകം കീഴടക്കുന്നവന്‍.
സ്വപ്നസുന്ദരമാമീ ഭൂമിയെ
രക്തപങ്കിലമാം രണഭൂമിയാക്കുന്നവന്‍.
നിശയിലും പകലിലും നീയാനന്ദനൃത്തമാടുന്നു.

ഓര്‍ക്കുന്നു, നീ  പണ്ട് നളനില്‍ ആവേശിച്ചതും
അനുജാതനോടു ചൂതാടിയതും
ദമയന്തി വനത്തിലുപേക്ഷിക്കപ്പെട്ടതും
ഒരു കാര്‍ക്കോടകന്‍ നിന്‍ വിഷാംശം കളഞ്ഞതും.
അന്നു തോറ്റു മടങ്ങിയെങ്കിലും
ഇന്നു നീ തന്നെ സര്‍വ്വശക്തന്‍.

ഇന്നും നീ മനുജരില്‍ കുടിയേറുന്നു.
അനുജന്‍ ചേട്ടനെ കൊല്ലുന്നു
അച്ഛന്‍ മകളെ നശിപ്പിക്കുന്നു
ദമയന്തിമാര്‍ തെരുവിലിറങ്ങുന്നു
നിന്‍ ശക്തിയാല്‍ വിറയ്ക്കുന്നു ഭൂമിയും
സംഹാരരൂപികളാകുന്നു തിരമാലകള്‍
പ്രകൃതിയിലും നീ ആവേശിച്ചിരിക്കെ
ഇന്നു കാര്‍ക്കോടകന്‍ തോറ്റു മടങ്ങുന്നു.

ഒരുനാള്‍ നീ എന്നിലും പ്രവേശിക്കും
അന്നെന്നിലെ നന്മകളെ നീ തകര്‍ക്കും
എന്നിലും ആസുരഭാവം ജനിക്കും
എന്‍ ബന്ധുക്കളെയെല്ലാം ശത്രുക്കളാക്കും
ഞാനും നിനക്കുവേണ്ടി പോരാടും.
അതിനുമുന്‍പ് ഒരു പ്രളയം വന്ന്
ഈ യുഗം അവസാനിച്ചെങ്കില്‍...

ഇതുതന്നെ നിന്‍ കാലം.
ഇതുതന്നെ കലിതന്‍ താണ്ഡവകാലം.

Monday, February 28, 2011

എന്റെ മൌനം.

തീവ്രവിഷാദം തുളുമ്പുമെന്‍ മൌനമേ
നീയെങ്ങിനെയെന്നില്‍ കുടിയിരുന്നു.
എന്‍റെയീ ഏകാന്തസഞ്ചാരവീഥിയില്‍
നീയെങ്ങിനെ എന്മനം കീഴടക്കി.
വിരസമാം ജീവിതയാത്രയില്‍ നീയെന്‍റെ
വിരഹിയാം ഹൃത്തോടു ചേര്‍ന്നുനിന്നു.
അനുവാദമില്ലാതിരുന്നിട്ടും നീയെ –
ന്നകതാരില്‍ എങ്ങോ ഒളിച്ചിരുന്നു.
വിജനമാമീ സാഗരതീരത്തിരിക്കവേ നീ –
യൊരു മൃദു സ്പന്ദമായ് തഴുകിനീങ്ങി.
ഒരു കുളിര്‍തെന്നലായ് വീശിയെന്‍ കാതി –
ലൊരു സ്വകാര്യം നീ മൊഴിഞ്ഞുമെല്ലെ.
“ഇനി നീ തനിച്ചല്ല. നിന്‍ ഏകാന്തയാത്രയി -
ലൊരു പ്രിയ സഖിയായ്‌ ഞാനെന്നുമുണ്ടായീടും.”
അതുകേള്‍ക്കെ എന്മനം കോരിത്തരിച്ചുപോ -
യെന്‍ കണ്‍കളില്‍ അശ്രുകണം നിറഞ്ഞു.
എന്‍ ദു:ഖമെല്ലാം അകറ്റീടു -
മെങ്കിലും നീയൊരു ദു:ഖപുത്രി.
എന്നിരുന്നാലും എന്‍പ്രിയ മൌനമേ 
നിന്നെ ഞാനിന്നു പ്രണയിക്കുന്നു.

Thursday, February 17, 2011

പൂര്‍ണ്ണവിരാമം

അവസാനം അയാള്‍ ഒന്നു തീരുമാനിച്ചു. ദൈവം കനിഞ്ഞു തന്ന ഈ ജീവിതം അവസാനിപ്പിക്കുക തന്നെ. അത്രയേറെ വെറുത്തിരുന്നു അയാള്‍ ജീവിതത്തെ. “കപട ലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം” എന്ന കവിവചനം പോലെ ആയിരുന്നു അയാളുടെ അവസ്ഥ. എന്തു തന്നെ സംഭവിച്ചാലും നാളെ അന്യായമായ വിധി തന്നെ തൂക്കുന്നതിനു മുന്നുതന്നെ ഈ ലോകത്തിലെ സര്‍വ്വബന്ധങ്ങളും (അയാള്‍ക്ക്‌ ബന്ധങ്ങള്‍ എല്ലാം ബന്ധനങ്ങള്‍ ആയിരിന്നു) ഉപേക്ഷിക്കാന്‍ അയാള്‍ തീരുമാനിച്ചുകഴിഞ്ഞു. അതിനുള്ള മനശ്ശക്തി അയാള്‍ നേടിക്കഴിഞ്ഞിരുന്നു.
ജയിലില്‍ നിന്നും ഒരു സുഹൃത്തിന്‍റെ കയ്യില്‍നിന്നും വാങ്ങിയ ഒരു ബ്ലേഡ്. അതാണ്‌ തന്‍റെ അന്ത്യവിധി നിശ്ചയിക്കാന്‍ അയാള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പുലര്‍ച്ചെയാണ് കോടതി തന്‍റെ വിധി നടപ്പാക്കുന്നത്. പക്ഷെ അതിനുമുന്നുതന്നെ തന്‍റെ വിധി താന്‍ തന്നെ നടപ്പാക്കും. രാത്രി ഏകദേശം പന്ത്രണ്ടു മണിയായി കഴിഞ്ഞിരുന്നു. അയാള്‍ ബ്ലേഡ് എടുത്തു ഇടതുകയ്യിലെ ഒരു ഞരമ്പു ചെറുതായി ഒന്ന് മുറിച്ചു. എന്നിട്ട് നല്ല ഹൃദയമുള്ള ഒരു പോലീസുകാരന്‍ തന്ന പുസ്തകവും പേനയും എടുത്തു. അച്ഛനമ്മമാര്‍ക്കും ഗുരുനാഥന്മാര്‍ക്കും അന്ത്യസഹായം ചെയ്ത ആ നല്ല പോലീസുകാരനും മനസാ നന്ദി പറഞ്ഞുകൊണ്ട് അയാള്‍ എഴുതിത്തുടങ്ങി. തന്‍റെ അവസാന കുറിപ്പ്. ആത്മഹത്യാക്കുറിപ്പ് അല്ല, മറിച്ചു അതില്‍ അയാളുടെ ആത്മകഥ തന്നെ ആയിരുന്നു.
ഒരുവശത്ത്‌ രക്തം ഒഴുകിത്തുടങ്ങിയിരുന്നു. പക്ഷെ അയാള്‍ അതൊന്നും അറിയുന്നില്ല. പതിയെ അയാള്‍ ഓര്‍മ്മയിലേക്ക് ചേക്കേറിയിരുന്നു. ആദ്യം തന്‍റെ ബാല്യകാലെത്തെക്കുറിച്ച്, മങ്ങിയ ഓര്‍മ്മകള്‍ മാത്രമുള്ള തന്‍റെ അമ്മയെക്കുറിച്ച്. പെറ്റമ്മ മരിച്ചതിനുശേഷം അച്ഛന്‍ കല്യാണം കഴിച്ച തന്നെ എപ്പോഴും ദ്രോഹിച്ചിരുന്ന രണ്ടാനമ്മയെക്കുറിച്ച്, വിരസമായ ബാല്യകാലത്തെക്കുറിച്ച്. അയാളെ സംബന്ധിച്ച് അമ്മയിപ്പോള്‍ ഭൂമീദേവി ആണ്. വിദ്യാഭ്യാസം ഉപേക്ഷിക്കപ്പെട്ടശേഷം തനിക്ക് വായിക്കാനും കുറച്ചു എഴുതാനും പുസ്തകങ്ങളും പേനയും വാങ്ങിത്തന്ന കളിക്കൂട്ടുകാരിയെ കുറിച്ച് അയാള്‍ ഓര്‍ത്തുപോയി. തന്‍റെ മനസ്സില്‍ എന്നും ഗുരുസ്ഥാനത്തുവെച്ച അവളെ അയാള്‍ എങ്ങിനെ മറക്കും.? അവളെക്കുറിച്ചു എഴുതുമ്പോള്‍ അയാളുടെ തൂലികയ്ക്കു വിശ്രമില്ലായിരുന്നു.
രക്തം ധാരയായി ഒഴുകിത്തുടങ്ങിയിരുന്നു. അയാള്‍ വീണ്ടും ഓര്‍മ്മകളിലേക്ക് പോയി. നാടുവിട്ടശേഷം മഹാനഗരങ്ങളില്‍ അലഞ്ഞു തിരിഞ്ഞത്, പച്ചവെള്ളം പോലും കുടിക്കാത്ത ദിവസങ്ങളെക്കുറിച്ച്, വീഥികളില്‍ ബോധമറ്റു കിടന്നതിനെക്കുറിച്ചു, അവസാനം ഏതോ മഹത്മാവിനാല്‍ താന്‍ എത്തിപ്പെട്ട ആശ്രമത്തെക്കുറിച്ച്, അവിടെ എത്തിയതിനുശേഷം അയാള്‍ വീണ്ടും ജീവിച്ചു തുടങ്ങി. സമത്വത്തിന്‍റെ സഹോദര്യത്തിന്‍റെ സ്നേഹത്തിന്‍റെ ഒരു സ്ഥലം. പഴയതെല്ലാം മറന്നു ഒരു പുതിയ ജീവിതം. ഒരുകണക്കിന് പറഞ്ഞാല്‍ ഒരു രണ്ടാം ജന്മം. നഷ്ടപ്പെട്ട എഴുത്തും വായനയും അയാള്‍ തിരിച്ചു കൊണ്ട് വന്നു. എതൊരു മഹാത്മാവിനാല്‍ ആണോ താന്‍ അവിടെ എത്തിപ്പെട്ടത്, അദേഹത്തിനെ അയാള്‍ക്കു മറക്കാന്‍ കഴിയുമായിരുന്നില്ല.
കൈകള്‍ക്കും കാലുകള്‍ക്കും ഭയങ്കര വേദന. പെട്ടെന്ന് ഓര്‍മ്മകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. ഇപ്പോള്‍ അയാള്‍ ഇരിക്കുന്നത് തന്നെ രക്തത്തിലാണെന്നു പറയാം. ഓര്‍മ്മകളെ എല്ലാം അയാള്‍ എഴുതിത്തീര്‍ത്തുകൊണ്ടിരിക്കയാണ്‌. പൌര്‍ണമിയായതിനാല്‍ ജയിലേക്ക് നല്ല നിലാ വെളിച്ചം ഉണ്ട്. തനിക്ക് കുറച്ചുകൂടി സമയം അനുവദിച്ചെങ്കില്‍... അയാള്‍ ഒരു നിമിഷം ദൈവത്തിനോട് യാചിച്ചു. പക്ഷെ, ജീവിതത്തില്‍ തന്നെ ജയിലിലാക്കിയ വിധിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ അയാള്‍ അത് തിരുത്തി. അയാള്‍ വീണ്ടും ഓര്‍മ്മകളിലേക്ക് സഞ്ചരിച്ചു. വായനശാലയിലെ സ്ഥിരം സന്ദര്‍ശനങ്ങളെക്കുറിച്ച്, പുസ്തകങ്ങളുടെ, സാഹിത്യത്തിന്‍റെ മായാവലയാങ്ങലെക്കുറിച്ചു. വളരെ പെട്ടെന്നുതന്നെ സ്വന്തം രചനകളാല്‍ ആശ്രമത്തില്‍ അയാള്‍ അറിയപ്പെട്ടുതുടങ്ങി. ജീവിതത്തെ അയാള്‍ ഒരുപാട് സ്നേഹിച്ചുതുടങ്ങി. പുസ്തകങ്ങളെ പ്രണയിച്ചു തുടങ്ങി. പഴയ ഓര്‍മ്മകള്‍ ഒന്നും തന്നെ ശല്യപ്പെടുത്തിയിരുന്നില്ല. അവസാനം ഓര്‍മ്മകള്‍ അയാളെ ആ വെറുക്കപ്പെട്ട ദിവസത്തിലേക്ക് കൊണ്ടെത്തിച്ചു. എന്നും വായനശാലയില്‍ പോയിരുന്ന കാലം. അങ്ങിനെ ഒരു നാള്‍ പുസ്തകങ്ങള്‍ തിരഞ്ഞു നടക്കുമ്പോള്‍ കണ്ട ആ രൂപം. രക്തത്തില്‍ കുളിച്ചു കിടക്കുന്ന, വേദനകൊണ്ടു പുളയുന്ന ആ യുവതി. അയാള്‍ നടുക്കത്തോടെയാണ് ഇപ്പോഴും ആ രംഗങ്ങള്‍  ഓര്‍ക്കുന്നത്. ഒരിറ്റുവെള്ളം കൊടുത്തത്, തന്‍റെ മടിയില്‍ കിടന്നു മരിച്ചത്, എല്ലാവരും താനാണ് കൊലപാതകി എന്ന് മുദ്രകുത്തിയത്, കോടതിപോലും തന്നെ അവിശ്വസിച്ചത്, ഏറ്റവുമൊടുവില്‍ വധശിക്ഷക്ക് വിധിച്ചത്, എല്ലാം ഇപ്പോഴും ഓര്‍മ്മകളില്‍ തളംകേട്ടിനില്‍ക്കുന്നു. ആരാണ് എന്തിനാണ് അത് ചെയ്തതെന്ന് അയാള്‍ക്ക്‌ അറിയുമായിരുന്നില്ല. അപ്പോഴും ഒരു ദുഃഖം മാത്രമേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. താന്‍ ആരാധിക്കുന്ന, തന്നെ ഒരു പുത്രനെപ്പോലെ സ്നേഹിച്ച് തനിക്ക് ഒരു രണ്ടാം ജന്മം തന്ന ആ ആശ്രമാധിപതിയുടെ മുന്നില്‍ വെച്ച്, ആശ്രമത്തിലെ തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരുടെ മുന്നില്‍ വെച്ചു പോലീസുകാര്‍ വിലങ്ങണിയച്ചപ്പോഴുണ്ടായ ദുഃഖം അയാള്‍ക്ക്‌ മറക്കാന്‍ കഴിയുമായിരുന്നില്ല.
അയാള്‍ വീണ്ടും ഓര്‍മകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. രക്തം ജയിലറയില്‍ പരന്നു കഴിഞ്ഞിരുന്നു. സമയം ഏതാണ്ട് രണ്ടു മണി കഴിഞ്ഞിരിക്കുന്നു. പറാവുകാരന്‍ നല്ല ഉറക്കത്തിലാണ്. കൈകാലുകളില്‍ തുടങ്ങിയന്‍ വേദന ഇപ്പോള്‍ ശരീരം മുഴുവനായും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. കണ്‍കളില്‍ ചെറുതായി ഇരുട്ട് കയറുംപോലെ. അയാള്‍ എഴുത്ത് നിര്‍ത്തി. പുസ്തകവും പേനയും ജയില്‍ കമ്പികളിലൂടെ പുറത്തേക്കിട്ടു. ഇനി മരണം. ഒരുപാട് തവണ മരണത്തെക്കുറിച്ച് എഴുതിയ അയാള്‍ ഇപ്പോള്‍ ശരിക്കുമുള്ള മരണം അനുഭവിക്കാന്‍ തുടങ്ങി. എഴുതിയതില്‍നിന്നെല്ലാം വ്യത്യസ്തമായ അനുഭവം. അയാള്‍ക്കു ഇരിക്കുവാന്‍പോലും വയ്യാത്ത അവസ്ഥയായി. അടുത്തിരുന്ന ഗ്ലാസില്‍ നിന്നും തനിക്ക് അവസാനമായി കുടിക്കാന്‍ കരുതിയിരുന്ന ഒരിറ്റു വെള്ളം അയാള്‍ ആര്‍ത്തിയോടെ കുടിച്ചു. പുറത്തെ നിലാവിനെ നോക്കി, ജീവിതത്തില്‍ തന്നെ സ്നേഹിച്ച സഹായിച്ച എല്ലാവര്‍ക്കും മനസ്സ് നിറയെ നന്ദി പറഞ്ഞുകൊണ്ട് അയാള്‍ മരണത്തെ പ്രതീക്ഷിച്ചുകൊണ്ട് കണ്ണുകളടച്ചു കിടന്നു. വേദന അതിന്‍റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു. മരണത്തിന്‍റെ കുരുക്ക്‌ തന്നെ വരിഞ്ഞു കെട്ടുന്നതായി അയാള്‍ക്ക്‌ തോന്നി. കണ്ണുകളില്‍ ഭീതികരമായ ഇരുട്ട് കയറുംപോലെ. തനേതോ ഒരു വലിയ പടുകുഴിയിലേക്കു എടുത്തെറിയപ്പെട്ടപോലെ. തനിക്ക് ബോധക്ഷയം വരുന്നത് പോലെ. അങ്ങിനെ അനിവാര്യമായ മരണത്തെ അയാള്‍ വിളിച്ചുവരുത്തി. ഒരുതരം സ്വച്ഛന്ദമൃത്യു. അപ്പോഴും ഒരു ചെറുപുഞ്ചിരി അയാളുടെ മുഖത്തുണ്ടായിരുന്നു. ഒരു വിജയിയെപ്പോലെ...

Wednesday, February 16, 2011

പ്രയാണം


ഞാന്‍ യാത്ര തുടരുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് നിരാശയില്ല. കാരണം എല്ലാ തിക്താനുഭവങ്ങളെയും വിജയത്തിലേക്കുള്ള ചവിട്ടുപടികളായി ഞാന്‍ കാണുന്നു. ഒരു സമത്വ സുന്ദര ലോകം. അതാണ്‌ എന്‍റെ സ്വപ്നം. വിധി എന്ത് തന്നെ ആയാലും എന്നാല്‍ കഴിയുന്നതിന്‍റെ പരമാവധി ശ്രമിക്കും. എനിക്കറിയാം എല്ലാം ഒരു ദിവാസ്വപ്നം മാത്രമാണ് എന്ന്. എന്നിരുന്നാലും എന്‍റെ ലക്ഷ്യത്തിനു മാറ്റമില്ല. എന്നാല്‍ കഴിയുന്ന സഹായം ചെയ്യുക. അതിനുവേണ്ടി വിധിയോട് പൊരുതാനും ഞാന്‍ തയ്യാര്‍.
വരൂ കൂട്ടുകാരേ, നമുക്കു ഈ നീലാംബരത്തിന് കീഴില്‍ ഒത്തു ചേരാം. ഒരു സമത്വ സുന്ദര ലോകം തീര്‍ക്കാം. സന്തോഷത്തിന്‍റെ സ്നേഹത്തിന്‍റെ സമത്വത്തിന്‍റെ ഒരു ലോകം. ഇവിടെ ദുഃഖങ്ങള്‍ക്ക് സ്ഥാനമില്ല. ദു:ഖിതരെ സഹായിക്കലാകട്ടെ നമ്മുടെ ലക്ഷ്യം. “സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” എന്ന കവി വചനം ആകട്ടെ നമ്മുടെ ആശയം. സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ നമ്മുടെ ശുഭ്രപതാകാ വാഹകര്‍ ആകട്ടെ. “സ്നേഹമാണ് അഖിലസാരമൂഴിയില്‍” എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം. എല്ലാ പ്രതിബന്ധങ്ങളെയും നമുക്ക് പുഞ്ചിരി കൊണ്ട് നേരിടാം. പോരൂ... നമുക്ക് ഒന്നിച്ചു യാത്ര തുടരാം. പുതിയ കൂട്ടുകാരെയും വിളിക്കാം.

എന്നോടൊത്തുണരുന്ന പുലരികളെ,
എന്നോടൊത്തു കിനാവുകണ്ട് ചിരിക്കും ഇരവുകളെ,
യാത്ര തുടരുന്നു ശുഭയാത്ര നേര്ന്നു വരൂ...

ഒരു കുടന്ന നിലാവുകൊണ്ടെന്‍ നെറുകയില്‍
കുളിര്‍ തീര്‍ഥമാടിയ നിശകളെ,
നിഴലുമായിണ ചേര്‍ന്നു നൃത്തം ചെയ്ത പകലുകളെ,
പോരൂ...പോരൂ...

തുളസി വെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളെ,
തുയിലുണര്ത്താന്‍ വന്നോരോണക്കിളികളെ നന്ദി,
അമൃതവര്‍ഷിണിയായ വര്ഷാഗാന മുകിലുകളെ,
എന്‍റെ വഴികളില്‍ മൂകസാന്ത്വനമായ പൂവുകളെ,
എന്‍റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളെ നന്ദി,
നന്ദി... നന്ദി...
യാത്ര തുടരുന്നു ശുഭയാത്ര നേര്ന്നു വരൂ...
യാത്ര തുടരുന്നു ശുഭയാത്ര നേര്ന്നു വരൂ...

Monday, February 14, 2011

Happy Valentines Day

"കുവലയ വിലോചനേ...ബാലെ....ഭൈമി..."

പ്രണയത്തിന്‍റെ മകുടോദാഹരണമായ നള-ദമയന്തിമാര്‍...

വാലന്‍ന്റൈന്‍ ദിനാശംസകള്‍..

ശ്രീ. കലാ. ഗോപി ആശാന്‍ & മാര്‍ഗി വിജയകുമാര്‍ (നളചരിതം രണ്ടാം ദിവസം)


ശ്രീ. കലാ. ഗോപി ആശാന്‍ & കലാ. ഷണ്മുഖന്‍. (നളചരിതം രണ്ടാം ദിവസം)