നീ കലി, ഈ യുഗനായകന്‍.
കാമക്രോധലോഭമോഹമായ് വന്ന്
ഈ ലോകം കീഴടക്കുന്നവന്‍.
സ്വപ്നസുന്ദരമാമീ ഭൂമിയെ
രക്തപങ്കിലമാം രണഭൂമിയാക്കുന്നവന്‍.
നിശയിലും പകലിലും നീയാനന്ദനൃത്തമാടുന്നു.
ഓര്‍ക്കുന്നു, നീ പണ്ട് നളനില്‍ ആവേശിച്ചതും
അനുജാതനോടു ചൂതാടിയതും
ദമയന്തി വനത്തിലുപേക്ഷിക്കപ്പെട്ടതും
ഒരു കാര്‍ക്കോടകന്‍ നിന്‍ വിഷാംശം കളഞ്ഞതും.
അന്നു തോറ്റു മടങ്ങിയെങ്കിലും
ഇന്നു നീ തന്നെ സര്‍വ്വശക്തന്‍.
ഇന്നും നീ മനുജരില്‍ കുടിയേറുന്നു.
അനുജന്‍ ചേട്ടനെ കൊല്ലുന്നു
അച്ഛന്‍ മകളെ നശിപ്പിക്കുന്നു
ദമയന്തിമാര്‍ തെരുവിലിറങ്ങുന്നു
നിന്‍ ശക്തിയാല്‍ വിറയ്ക്കുന്നു ഭൂമിയും
സംഹാരരൂപികളാകുന്നു തിരമാലകള്‍
പ്രകൃതിയിലും നീ ആവേശിച്ചിരിക്കെ
ഇന്നു കാര്‍ക്കോടകന്‍ തോറ്റു മടങ്ങുന്നു.
ഒരുനാള്‍ നീ എന്നിലും പ്രവേശിക്കും
അന്നെന്നിലെ നന്മകളെ നീ തകര്‍ക്കും
എന്നിലും ആസുരഭാവം ജനിക്കും
എന്‍ ബന്ധുക്കളെയെല്ലാം ശത്രുക്കളാക്കും
ഞാനും നിനക്കുവേണ്ടി പോരാടും.
അതിനുമുന്‍പ് ഒരു പ്രളയം വന്ന്
ഈ യുഗം അവസാനിച്ചെങ്കില്‍...
ഇതുതന്നെ നിന്‍ കാലം.
ഇതുതന്നെ കലിതന്‍ താണ്ഡവകാലം.